കണ്ണൂർ: ഇന്നത്തെ വിദ്യാർഥിയുടെ അറിവും ബോധവും നിലവാരവും അളക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നും ധിഷണാപരമായി പുതിയ കാലത്തെ വിദ്യാർഥികൾ ഒരുപാട് ദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും അനുമോദിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി.
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്, പാപ്പിനിശേരി സബ്ജില്ലകളിലെ സ്കൂളുകളെയും വിദ്യാർഥികളെയുമാണ് അനുമോദിച്ചത്.
എസ്എസ്എൽസിയ്ക്ക് 100 ശതമാനം വിജയം നേടിയ 138 സ്കൂളുകൾ, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയവർ, പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളായ കമ്പിൽ മാപ്പിള എച്ച്എസ്എസ്, നിർമലഗിരി റാണിജയ് എച്ച്എസ്എസ്, കാരക്കുണ്ട് ഡോൺബോസ്കോ, പ്ലസ് ടു പരീക്ഷയിൽ മുഴുവനും മാർക്ക് വാങ്ങിയ ഒന്പത് വിദ്യാർഥികൾ എന്നിവർ ആദരം ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവർ പങ്കെടുത്തു.